ടെഹ്റാൻ: ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ നയരൂപീകരണ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ സെക്രട്ടറിയായി മുൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് ബാഖർ സോൾഖാദറിനെ നിയമിച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനായാണ് സോൾഖാദർ ഈ പദവിയിലെത്തുന്നത്.
ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ചൊവ്വാഴ്ചയാണ് സോൾഖാദറിന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇറാന്റെ പ്രതിരോധം, വിദേശനയം, ആണവ പദ്ധതികൾ എന്നിവയിൽ നിർണായക തീരുമാനങ്ങളെടുക്കുന്ന സമിതിയാണിത്. ഇറാന്റെ എക്സ്പീഡിയൻസി കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സോൾഖാദർ.
ഐആർജിസിയിലെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ സൈനിക-സുരക്ഷാ മേഖലകളിൽ വലിയ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. ഇറാന്റെ മുൻ പാർലമെന്റ് സ്പീക്കറും രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളുമായിരുന്ന അലി ലാരിജാനി മാർച്ച് 17-ന് ടെഹ്റാനിലുണ്ടായ ഇസ്രയേൽ മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.